#books
There is Gunpowder in the Air.
– മനോരഞ്ജൻ ബ്യാപാരി .
1980. വേനൽക്കാലത്തെ ഒരു ദിവസം കോളേജ് വിട്ട് ഒരു റിക്ഷായിൽ കയറിയ, അധ്യാപിക കൂടിയായ മഹാശ്വേതദേവി റിക്ഷാക്കാരന്റെ ഒരു ചോദ്യം കേട്ട് അത്ഭുതം കൂറി :
‘ദീദി, വിരോധമില്ലെങ്കിൽ ജിജിബിഷ എന്ന വാക്കിന്റെ അർഥം പറഞ്ഞുതരാമോ?’ ‘ജീവിതേശ്ച എന്ന് അർഥമുള്ള ആ വാക്ക് എവിടെയാണ് വായിച്ചത്?’.
മഹാശ്വേതയുടെ പുസ്തകം റിക്ഷാക്കാരന്റെ കയ്യിൽ ഉണ്ടായിരുന്നു.
യാത്ര അവസാനിച്ചത് മനോരഞ്ജൻ ബ്യാപാരി എന്ന ആ റിക്ഷക്കാരനെ തന്റെ ബർത്തിക എന്ന മാസികയിൽ എഴുതാനുള്ള മഹാശ്വേതയുടെ ക്ഷണത്തോടെയാണ്.
കിഴക്കൻ പാകിസ്ഥാനിൽ ( ഇന്നത്തെ ബംഗ്ലാദേശ് ) ഒരു ചണ്ടാളകുടുംബത്തിൽ പിറന്ന ബ്യാപാരി 5 വയസ്സുള്ളപ്പോൾ 1950കളിൽ അഭയാർഥിയായി ഇന്ത്യയിലെത്തി. വിവിധ അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞു.14 വയസ്സ് മുതൽ ബംഗാൾ, ആസ്സാം, ബീഹാർ തുടങ്ങിയ പ്രദേശങ്ങളിൽ കിട്ടുന്ന ജോലിചെയ്തു ജീവിച്ചു.
ബിഹാറിൽ ഖനിത്തൊഴിലാളിയായി കഴിയുമ്പോൾ തൊഴിലാളി നേതാവായ ശങ്കർ ഗുഹ നിയോഗിയുമായി കണ്ടുമുട്ടിയ ബ്യാപാരി, നിയോഗിയുടെ അനുയായിയായി മാറി. നിയോഗിയെ നിഷ്ടൂര്മായി ഖനി മാഫിയ കൊലചെയ്തതോടെ നക്സലൈറ്റ് ആയി മാറിയ ബ്യാപാരി താമസിയാതെ ജയിലിലായി.
ജെയിലിൽ ഒരു സഹതടവുകാരനാണ് 24 വയസ്സുള്ള മനോരഞ്ജനെ എഴുത്തും വായനയും പഠിപ്പിച്ചത്. പിന്നീട് വായന ജീവിതത്തിന്റെ ഭാഗമായിമാറി.
1981ൽ മഹാശ്വേതയുടെ ബർത്തികയിൽ എഴുതിത്തുടങ്ങിയ ബ്യാപാരി 7 നോവലുകളും 150 കഥകളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1970കളിൽ, കൽക്കത്ത ജെയിലിൽ കഴിയുന്ന ഒരു പറ്റം നക്സലൈറ്റുകളുടെ കഥ പറയുന്ന There’s Gunpowder in the Air എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാൻ വായിച്ചത്.
നോവൽ വായിക്കുന്ന ആർക്കും എന്തുകൊണ്ടാണ് മനോരഞ്ജൻ ബ്യാപാരി ബംഗാളി സാഹിത്യലോകത്തെ പുതിയ നക്ഷത്രമാണ് എന്ന് മനസിലാകും.
ജെയിലിലെ നരകതുല്യമായ ലോകത്തിലും മരിക്കാൻ ഭയമില്ലാത്ത കുറെ ചെറുപ്പക്കാർ ചൂഷിതരുടെ വിമോചനം സ്വപ്നം കണ്ടുകഴിയുന്നു. മർദിതരുടെ കൂട്ടത്തിലും മനുഷ്യത്തം മരവിക്കാത്ത ഒരു ഡോക്ടർ.
അര നൂറ്റാണ്ട് മുൻപ് മലയാളത്തിൽ വന്ന പരിഭാഷകളാണ് ബംഗാളി സാഹിത്യത്തിൻ്റെ മനോഹാരിത നമുക്ക് പരിചയപ്പെടുത്തിയത്.
ബ്യാപാരിയുടെ രചനകൾ മലയാളത്തിൽ എത്തേണ്ടവയാണ് എന്ന കാര്യത്തിൽ സംശയമില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized