കാട്ടാന ശല്യം രണ്ട് നൂറ്റാണ്ടു മുൻപ്

#കേരളചരിത്രം

കാട്ടാന ശല്യം രണ്ട് നൂറ്റാണ്ടു മുൻപ്.

മലയോര മേഖലകളിൽ കാട്ടാന ശല്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്നത്തെ മാതിരി വൻ തോതിൽ കുടിയേറ്റം നടക്കുന്നതിന് മുൻപുതന്നെ കൃഷി ആവശ്യങ്ങൾക്കായി വനഭൂമി പതിച്ചു നൽകുന്ന പതിവ് തിരുവിതാംകൂറിൽ ഉണ്ടായിരുന്നു.
പക്ഷേ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ കൃഷിനാശം സംഭവിക്കുന്ന ഇടങ്ങളിൽ ആളുകൾ കൃഷി ഉപേക്ഷിച്ച് സ്ഥലം വിടുന്ന സ്ഥിതിയുണ്ടായപ്പോൾ തിരുവിതാംകൂർ മഹാറാണി പാർവതി ബായി രണ്ട് നൂറ്റാണ്ട് മുൻപ് പുറപ്പെടുവിച്ച രാജകീയ വിളംബരം കാണുക.
ആളുകളുടെ ജീവഹാനിയല്ല മറിച്ച് ആളുകൾ കൃഷി ഉപേക്ഷിച്ച് സ്ഥലം വിടുന്നത് മൂലമുണ്ടാകുന്ന വരുമാനനഷ്ടമാണ് ഭരണാധികാരിയെ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചത് എന്നത് കൗതുകകരമാണ്.
– ജോയ് കള്ളിവയലിൽ.

Mohandas Suryanarayanan
എഴുതുന്നു.
……………..
ശ്രീ പാർവ്വതീഭായി മഹാറാണി തിരുമനസ്സുകൊണ്ട്

നമ്പര്‍-72
M.E. 995
A. D. 1819

പദ്മനാഭസെവിനീ വഞ്ചിധർമ്മവർദ്ധനീ
രാജരാജെശ്വരീ റാണിപാർവ്വതീഭായി
മഹാരാജാവ അവർകള്‍ സകലമാനജനങ്ങൾക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.

“ഈ രാജ്യത്തു മലപ്രദെശങ്ങളില്‍ പാർക്കുന്ന കുടിയാനവന്മാരു കൃഷിചെയ്യുന്ന വിളവുകളും പുരയിടങ്ങളില്‍ ഒള്ള വൃക്ഷങ്ങള്‍ മുതലായ്തും കാട്ടാനമുതലായ ദുഷ്ടമൃഗങ്ങളുടെ ഉപദ്രവംകൊണ്ടു വളരെ ചെതാവന്നു അതിനാല്‍ കുടിയാനവന്മാർക്കു ആ ദിക്കുകളില്‍ പാർത്തു കാലക്ഷെപംചെയ്‌വാന്‍ വഹിയാതെ അവരവര്‍ പാർത്തിരുന്ന ദിക്കുവിട്ടു ക്രമെണ മറ്റും പലദിക്കുകളിൽ പിറപ്പട്ടു പൊയിവരുന്നപ്രകാരം നാം കെൾവിപ്പടുകകൊണ്ടു മെലൊള്ളതിനെങ്കിലും ഈ സംഗതിവശാ‍ല്‍ കുടിയാനവന്മാർക്കു യാതൊരു സങ്കടവും ബുദ്ധിമുട്ടും ഒണ്ടാകരുതെന്നുംവച്ചു മലപ്രദെശങ്ങളില്‍ ദുഷ്ടമൃഗങ്ങളെ വെടിവച്ചു അമർച്ചവരുത്തുന്നതിനായിട്ടു ൯൪-മാണ്ടു മുതൽക്കു ആനകാവലിനു ആളുകളെയും ആക്കി അതിനുവെണ്ടുന്ന തൊക്കു ഉണ്ടമരുന്നും കൊടുത്തു ചട്ടംകെട്ടിയതിന്റെ ശെഷം ഇപ്പോള്‍ മൃഗങ്ങളുടെ ഉപദ്രവത്തിനു കുറഞ്ഞൊന്നു സമാധാനമായപ്രകാരവും എങ്കിലും അതുകാരണമായിട്ടു പിറപ്പെട്ടുപൊയ കുടികള്‍ തിരിയെവന്നു പാർത്തു കൃഷിമുതലായ്തു ചെയ്യാതെ അവരുടെ പെരില്‍ പതിഞ്ഞിരിക്കുന്ന നിലങ്ങളും പുരയിടവും തരിശായിട്ടു കിടക്കുന്നൂഎന്നും നാം കെൾക്കകൊണ്ടും ഈരാജ്യത്തു ഒള്ള പ്രജകൾക്കു യാതൊരു സങ്കടവുംകൂടാതെ സംരക്ഷണചെയ്യണമെന്നു നമുക്കു സദാനെരവും അപെക്ഷയിരിക്കകൊണ്ടും ഇപ്പോള്‍ വിളംബരം പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാല്‍ –

മേലെഴുതിയപ്രകാരം മലപ്രദെശങ്ങളില്‍ പെരില്‍ പതിഞ്ഞു കാടുതരിശായിട്ടു കിടക്കുന്ന നിലം പുരയിടങ്ങ‍ള്‍ ഒക്കയും കണ്ടെഴുതി ആവകക്കു ൯൪-മാണ്ടു വരെ ഒള്ള കുടിശിഖക്കും തിട്ടംവരുത്തുന്നതിനും ആനകാവലിനു ഇപ്പൊള്‍ ആക്കിയിരിക്കുന്നതു കൂടാതെ ഇനിയും ചിലപ്രദെശങ്ങളില്‍ ആളാക്കുവാന്‍ ഒണ്ടായിരുന്നാല്‍ ആ സംഗതിയും ഇപ്പൊള്‍ ആക്കിയിരിക്കുന്നതി‍ല്‍ ചില സ്ഥലങ്ങളില്‍ ആളു കൂട്ടി ആക്കുവാന്‍ ആവിശ്യം ഒണ്ടെങ്കില്‍ ആയ്തും വിചാരിച്ചു നിശ്ചയിച്ചു ബൊധിപ്പിക്കുന്നതിനായിട്ടു ഏതാനും ഉദ്യൊഗസ്ഥന്മാരെ നിശ്ചയിച്ചു അപ്രകാരം കണ്ടെഴുതി കുടിശിഖക്കും തിട്ടംവരുത്തി വര്യൊല വന്നഉടനെ ആവക കുടിശിഖ ഒക്കയും നൃത്തല്‍ ചെയ്തുകൊടുത്തു ആവക നിലവും പുരയിടങ്ങളും ഏൾക്കുന്ന കുടിയാനവന്മാർക്കു ൧൦൦൦ -മാണ്ടുവരെ ആറു സംവത്സരത്തെക്കു നിന്തമായിട്ടു അനുഭവിച്ചു പിന്നത്തതില്‍ കരം കൊടുത്തുകൊള്ളത്തക്കവണ്ണവും പെരില്‍ പതിയാതെ കിടക്കുന്ന നിലംപുരയിടങ്ങൾക്കു വെട്ടിത്തിരുത്തിയാല്‍ ആവകക്കു ൯൩-മാണ്ടു മീനമാസം ൨൩-നു എഴുതിയിരിക്കുന്ന വിളംബരപ്രകാരം പത്തുവരുഷത്തെക്കു നിന്തമായിട്ടും പിന്നത്തതില്‍ വെട്ടഴിവു അർത്ഥം വച്ചു ഒറ്റിആയിട്ടും പതിച്ചുകൊടുക്കത്തക്കവണ്ണവും ഇപ്രകാരം വന്നു പാർത്തു നിലം പുരയിടം വെട്ടിത്തിരുത്തി കൃഷിചെയ്‌വാൻ മനസ്സൊള്ള കുടിയാനവന്മാർക്കു വീടുകെട്ടുന്നതിനു വെണ്ടുന്ന ഒത്താശകളും ചെയ്തു മുമ്പിന്നായിട്ടു മുതല്‍ വെണ്ടിയിരുന്നാല്‍ ആവകക്കു പിടിപ്പതായിട്ടുള്ള രൊക്കയാമ്യനും വാങ്ങിക്കൊണ്ടു പണ്ടാരവകയില്‍നിന്നും മുതല്‍ കൊടുക്കത്തക്കവണ്ണവും നാം നിശ്ചയിച്ചു ഉത്തരവുകൊടുത്തിരിക്കകൊണ്ടു ആയ്തു സകലമാനജനങ്ങളും അറിഞ്ഞു മെലെഴുതിയപ്രകാരം നടന്നുകൊള്ളുകയും വെണം.

എന്നു – ൯൯൫ – മാണ്ടു വൃശ്ചികമാസം ൨൨ – നു

ഉപയോഗിച്ചിരിക്കുന്ന കൊല്ലവർഷവും തിയതിയും
൯൪ – 94
൧൦൦൦ – 1000
൯൩ – 93
൯൯൫ – 995
൨൨ – 22″.

വിളംബരത്തിന്റെ ചുരുക്കം ഏതാണ്ടിങ്ങനെയാണ്.

രാജ്യത്തിന്റെ മലമ്പ്രദേശങ്ങളില്‍ താമസിച്ചു കൃഷി ചെയ്യുന്ന കുടിയാന്മാരുടെ വീടും വിളവുകളും കാട്ടാന മുതലായ മൃഗങ്ങള്‍ നശിപ്പിക്കുന്നതുമൂലം അവരുടെ ജീവിതം ദുസ്സഹമായിരിക്കുന്നു. പലരും നാടുവിട്ടുപോകുന്നു. ഈ സാഹചര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ട്. അവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ആനകാവലിനും ദുഷ്ടമൃഗങ്ങളെ വെടിവയ്ക്കുന്നതിനുമായി തോക്കും മരുന്നും സഹിതം ആളെ ഏർപ്പെടുത്തിയതിനാൽ മൃഗശല്യത്തിന് അല്പം കുറവുവന്നു. എങ്കിലും നാടുവിട്ടുപോയ കുടിയാന്മാര്‍ താമസിച്ചിരുന്ന വീടുകള്‍ ഒഴിഞ്ഞും കൃഷിഭൂമി തരിശായും കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ മേൽപറഞ്ഞ മലമ്പ്രദേശങ്ങളില്‍ കുടിയാന്മാരുടെ പേരില്‍ പതിച്ചുനൽകിയിട്ടുള്ള സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തി അതിന്മേലുള്ള കുടിശിഖ കണക്കാക്കുന്നതിനും ആനകാവല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും നിലവിലുള്ള സ്ഥലങ്ങളില്‍ കാവല്‍ക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെങ്കില്‍ ആയതിനും ഉദ്യോഗസ്ഥന്മാരെ ഏർപ്പെടുത്തും. അവരുടെ നിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് കുടിയാന്മാരുടെ കുടിശിഖയ്ക്ക് സാവകാശം കൊടുക്കുകയും വീടും കൃഷിഭൂമിയും ഏറ്റെടുക്കാന്‍ തയ്യാറുള്ള കുടിയാന്മാർക്ക് ആറ് സംവത്സരത്തേക്ക് ഭൂമിയും വീടും കരമൊഴിവാക്കിയും നൽകും. പേരില്‍ പതിച്ചിട്ടില്ലാത്ത വീടും പുരയിടവും ആവശ്യക്കാർക്ക് പത്ത് വർഷത്തേക്ക് കരമൊഴിവാക്കി നൽകി, പിന്നീട് ഒറ്റിയായി പതിച്ചുനൽകും. ഈ ആവശ്യങ്ങൾക്കായി കുടിയാന്മാർക്ക് പണം ആവശ്യമായിവന്നാല്‍ ജാമ്യം ഈടാക്കി ഖജനാവില്‍ നിന്നും മുൻകൂര്‍ പണം അനുവദിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *