#കേരളചരിത്രം
സുറിയാനി ക്രിസ്ത്യാനി വിവാഹങ്ങൾ.
അരനൂറ്റാണ്ട് മുൻപുപോലും വിവാഹത്തിന് ക്ഷണക്കത്ത് അടിപ്പിക്കുക എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അപൂർവമായിരുന്നു.
പോയി ക്ഷണിക്കുക എന്നതാണ് നാട്ടുനടപ്പ്. അതും, മാതാവും പിതാവും കൂടി പോയി ക്ഷണിച്ചാലെ ഭർത്താവും ഭാര്യയും വരൂ. ഇന്നത്തെപ്പോലെ ആയിരങ്ങളെ ക്ഷണിക്കുന്ന പതിവുമില്ല.
അപൂർവമായ ഒരു ക്ഷണക്കത്ത് കാണുക:
ഒരു നൂറ്റാണ്ട് മുൻപ് തൻ്റെ മൂന്നു പെൺമക്കളുടെ വിവാഹം ഒരേദിവസം രണ്ടു പള്ളികളിൽ വെച്ച് നടത്തുന്നു. കുട്ടനാട്ടിലെ കർഷകപ്രമാണിയായ ലൂക്കാ മത്തായി പള്ളിത്താനം സമുഹത്തിലെ പ്രമുഖരെ ക്ഷണിക്കാനായി അച്ചടിപ്പിച്ച ക്ഷണക്കത്താണ്. വിവാഹസദ്യക്കും അടിയന്തിരം എന്നാണ് പറഞ്ഞിരുന്നത് എന്ന് കാണുക. വിവാഹം ചെയ്യുന്ന പുരുഷന് വലിയ പ്രാധാന്യമില്ല എന്നത് കൗതുകകരമാണ്. യാത്രാ സൗകര്യം കുറവുള്ള അക്കാലത്ത് അതിഥികൾ തലേദിവസം തന്നെ വന്നു താമസിക്കുന്നത് പതിവാണ്. അതിനുള്ള ക്ഷണം കൂടിയുണ്ട്.
73 വര്ഷം മുൻപ് എൻ്റെ പിതാവിൻ്റെയും അനുജൻ്റെയും വിവാഹം ഒന്നിച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്.
പക്ഷേ ഒരേ പന്തലിൽ രണ്ടു ദമ്പതികളുടെ വിവാഹസദ്യ നടത്തുന്നത് പണം മംഗളകരമല്ല എന്നുപറഞ്ഞു ചില കാരണവന്മാർ എതിർത്തു. എൻ്റെ അപ്പൻ അവിരാച്ചൻ്റെ വിവാഹം അനുജൻ വക്കച്ചൻ്റെ വിവാഹത്തിൻ്റെ പിറ്റെ ദിവസമാണ് നടത്തിയത്. ചിറ്റപ്പൻ്റെ വിവാഹസദ്യ പാലാ വിളക്കുമാടത്തെ തറവാട്ടിൽ വെച്ച് നടത്തിയപ്പോൾ ഇച്ചാച്ചൻ്റെ വിവാഹസദ്യ ഒരു കിലോമീറ്റർ അകലെയുള്ള ഭാര്യാപിതാവ് ജേക്കബ് ചെറിയാൻ്റെ പാമ്പോലിൽ എസ്റ്റേറ്റ് ബംഗ്ലാവിൽ വെച്ചാണ് നടന്നത്.
പത്തുവര്ഷം കഴിഞ്ഞപ്പോൾ പ്രസിദ്ധനായ കള്ളിവയലിൽ പാപ്പൻ ( കെ സി എബ്രാഹം) പതിവ് തെറ്റിക്കാൻ തൻ്റേടം കാണിച്ചു. തൻ്റെ പേരുകാരായ രണ്ടു കൊച്ചുമക്കളുടെയും – എബ്രഹാം ജോസ് എന്ന ജോയി ചേട്ടൻ്റെയും കെ സി അബ്രാഹം ജൂനിയർ എന്ന പാപ്പച്ചൻ ചേട്ടൻ്റെയും – വിവാഹം ഒരേ പന്തലിൽ നടത്തി.
എന്നേക്കാൾ 20 വയസിനു മൂത്ത ജോയിച്ചേട്ടൻ ഇന്ന് കുടുംബത്തിലെ മുതിർന്ന അംഗം എന്ന നിലയിൽ കള്ളിവയലിൽ കുടുംബയോഗത്തിൻ്റെ പ്രസിഡൻ്റ് ആണ്.
കാലമിനിയുമുരുളും…..
– ജോയ് കള്ളിവയലിൽ
( ഫോട്ടോകൾക്ക് കടപ്പാട്)
1. 1926ലെ ക്ഷണക്കത്ത്.
2. ലൂക്കാ മത്തായി പള്ളിത്താനം.
3. കെ എ എബ്രഹാം കള്ളിവയലിലും ഭാര്യ അമ്മിണിയും.
4. കള്ളിവയലിൽ പാപ്പനും ഭാര്യയും നവനമ്പതികളുടെ ഒപ്പം.
5. ഏബ്രഹാം ജെ കള്ളിവയലിലും ഭാര്യ മറീനയും.




