ജോസഫ് സ്റ്റാലിൻ

#ഓർമ്മ

ജോസഫ് സ്റ്റാലിൻ.

സ്റ്റാലിൻ്റെ ചരമവാർഷികദിനമാണ്
മാർച്ച് 5 (1953).

ലോകചരിത്രത്തിൽ ഇത്രയധികം അധികാരം കയ്യാളിയ വേറൊരു ഭരണാധികാരിയില്ല എന്നാണ് പറയാറ്.
റഷ്യൻ സാമ്രാജ്യത്തിൽ ജോർജിയയിൽ ജനിച്ച ജോസഫ് ഷുഗാഷ് വിലി എന്ന ജോസഫ് വിസാറിനോവിച്ച് സ്റ്റാലിൻ റഷ്യൻ വിപ്ലവകാലം മുതൽ ലെനിൻ്റെ ഒപ്പംനിന്ന് പ്രവർത്തിച്ച നേതാവാണ്.
1922ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി സോവിയറ്റ് യൂണിയൻ്റെ സെക്രട്ടറി ജനറലായ സ്റ്റാലിൻ മരണം വരെ ആ സ്ഥാനത്ത് തുടർന്നു.
1924ൽ ലെനിൻ്റെ മരണശേഷം സമ്പൂർണ്ണ അധികാരം കയ്യിലാക്കിയ സ്റ്റാലിൻ, ട്രോട്സ്കി ഉൾപ്പെടെയുള്ള എതിരാളികളെ മുഴുവൻ ഇല്ലായ്മചെയ്തു.
രണ്ടാം ലോകമഹായുദ്ധമാണ് സ്റ്റാലിന് ലോകചരിത്രത്തിൽ മറക്കാനാവാത്ത ഇടം നേടിക്കൊടുത്തത്. അവസാന മനുഷ്യൻ വരെ പോരാടാനുള്ള സ്റ്റാലിൻ്റെ ആഹ്വാനം ആവേശം കൊള്ളിച്ച റഷ്യൻ ജനത ഹിറ്റ്ലറുടെ പതനത്തിനു കാരണമായി. ബെർലിൻ പിടിക്കാൻ അമേരിക്കൻ ജനറൽ പാറ്റൻ്റെ അഞ്ചാം ആർമിയും സ്റ്റാലിൻ്റെ മാർഷൽ ഷുക്കോവ് നയിച്ച റഷ്യൻ പടയും നടത്തിയ പടയോട്ടത്തിൽ സോവിയറ്റ് സേനയാണ് വിജയിച്ചത്.
യുദ്ധാനന്തരം ജർമനി വീതംവെക്കപ്പെട്ടു .
ആറ്റം ബോംബിൻ്റെ വിജയകരമായ പ്രയോഗത്തോടെ മുൻകൈ നേടിയ അമേരിക്കയുടെ ഒപ്പം ആണവശക്തിയായി സ്റ്റാലിൻ റഷ്യയെ മാറ്റി.
കടുത്ത ഏകാധിപത്യരീതികളിൽ കൂടിയാണെങ്കിലും സോവിയറ്റ് യൂണിയനെ അമേരിക്കയോട് കിടപിടിക്കുന്ന സാമ്പത്തികശക്തിയായി സ്റ്റാലിൻ വളർത്തി.
സ്റ്റാലിൻ്റെ ക്രൂരതകൾ വെളിച്ചത്ത് വന്നത് മരണശേഷം 1956ലെ പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് നടത്തിയ വെളിപ്പെടുത്തലുകളിലൂടെയാണ്. റഷ്യൻ രഹസ്യപോലീസിൻ്റെയും സൈബീരിയൻ തടങ്കൽപാളയങ്ങളുടെയും കൊല്ലപ്പെട്ട പതിനായിരങ്ങളുടെയും കഥ ലോകം അറിഞ്ഞത് സോൾഷേനിട്ട്സിൻ്റെ നോവലുകളിലൂടെയാണ്.
സോവ്യറ്റ് യൂണിയൻ അപ്രത്യക്ഷമായെങ്കിലും സ്റ്റാലിന് ഇന്നും ധാരാളം ആരാധകരുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *