ആത്മഹത്യ.
ഇന്ത്യയിൽ ആത്മഹത്യകളുടെ തലസ്ഥാനമാണ് കേരളം. ഉയർന്ന വിദ്യാഭ്യാസനിലവാരവും മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരവുമൊന്നും ആത്മഹത്യാനിരക്ക് കുറയാൻ കാരണമായിട്ടില്ല.
കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യക്കുശേഷം മലയാളികളെ മുഴുവൻ ഞെട്ടിച്ച ഒരു ആത്മഹത്യയാണ് 1965 ജനുവരി 18ന് നടന്ന എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവനൊടുക്കൽ.
ആര് സ്വയം ജീവിതം അവസാനിപ്പിച്ചാലും ബന്ധുക്കൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുക സാധാരണമാണ്. അത്തരം ആരോപണങ്ങളിൽ പലതിലും കഴമ്പു കാണുകയും ചെയ്യും.
രാജലക്ഷ്മി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സംബന്ധിച്ച് മൂത്ത സഹോദരി എഴുതിയ ഒരു കത്ത് 1965 ജനുവരി 22ന് മാതൃഭൂമി പ്രസിദ്ധപ്പെടുത്തി.
“ ശ്രീമതി ടി എ സരസ്വതിയമ്മ എഴുതുന്നു:
എൻ്റെ അനുജത്തി രാജലക്ഷ്മിയുടെ ദയനീയമായ മരണത്തെപ്പറ്റി പത്രങ്ങളിൽ കണ്ട നിർദ്ദയമായ പരസ്യചർച്ചയാണ് എത്രയും ഹൃദയവേദനയോടുകൂടിയാണെങ്കിലും ഇതെഴുതുവാൻ എന്നെ പ്രേരിപ്പിക്കുന്നത്. അവളുടെ ഈ ദുരന്തത്തിന് പ്രേരിപ്പിച്ചത് അവളുടെ കൂട്ടുകാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിലരാണ് എന്ന് വ്യക്തമാക്കേണ്ടത് എൻ്റെ കടമയാണ്. തങ്ങളുടെയും കാഥികയുടെയും പരിചയമണ്ടലത്തിൽപ്പെട്ടവരുടെ ജീവിതരഹസ്യങ്ങളെ ആസ്പദമാക്കി കഥകളെഴുതി പ്രശസ്തിയും പണവും സമ്പാദിക്കുകയാണ് അവൾ ചെയ്യുന്നതെന്ന അവരുടെ അന്യായമായ ആരോപണം , പരപീഢ സഹിക്കാനാവാത്ത അവളുടെ ഹൃദയത്തെ നിരന്തരം മധിച്ചതിൻ്റെ ഫലമായാണ് രാജലക്ഷ്മി ഇഹലോകവാസം വെടിഞ്ഞതതെന്ന് മരണത്തിന് മുൻപ് അവൾ എനിക്കെഴുതിവെച്ചിരുന്ന കത്തിൽനിന്നുള്ള താഴെ കൊടുക്കുന്ന ഉദാഹരണങ്ങൾ തെളിയിക്കുന്നുണ്ട്.
“… സത്തി, ഇതു വലിയ ഡ്രോഹമാണെന്ന് എനിക്കറിയാം. സത്തി, എന്നോട് ക്ഷമിക്കുക. അമ്മയെ എങ്ങനെയെങ്കിലും പറഞ്ഞു സമാധാനിപ്പിക്കൂ ……
……ഇതൊക്കെ ദ്രോഹമാണെന്ന് എനിക്കറിയാം. സത്തി, അമ്മയോടും സത്തിയോടും ചെയ്യുന്ന ദ്രോഹം. പക്ഷേ എനിക്കിതു വയ്യ സത്തി …….
……..യുടെ ഒരെഴുത്ത് ഇതൊന്നിച്ചുണ്ട്. മനുഷ്യർക്കെല്ലാവർക്കും എന്നെക്കൊണ്ട് ഉപദ്രവമാണെങ്കിൽ …..
എനിക്കങ്ങനെയല്ലാതെ കഥയെഴുതാൻ അറിഞ്ഞുകൂടാ സത്തി…..”
( അവലംബം:
എം ടി – മാതൃഭൂമിക്കാലം,
എം ജയരാജ്)
– ജോയ് കള്ളിവയലിൽ.
Posted inBlog Malayalam Psychology