പ്രേമലുവും യുവ എഞ്ചിനീയർമാരും.
പ്രേമലു സിനിമ ചെറുപ്പക്കാർക്ക് മാത്രമല്ല എനിക്കും ഇഷ്ടപ്പെട്ടു.
അരനൂറ്റാണ്ട് മുൻപ് എനിക്ക് ജോലി കിട്ടിയപ്പോൾ കൂടെ പഠിച്ച എഞ്ചിനീയർമാർ പലരും ജോലിയില്ലാതെ വലയുകയായിരുന്നു.
നായകൻ മാർക്ക് കുറവായത് കൊണ്ട് തമിഴ്നാട്ടിൽ എൻജിനീയറിംഗ് പഠിച്ച് കഷ്ടിച്ച് പാസായ ആളാണ്. എങ്ങനെയെങ്കിലും ഇംഗ്ലണ്ടിൽ എത്തണം. അതിൻ്റെ ഇടവേളയിലാണ് കൂട്ടുകാരൻ്റെ കൂടെ ഹൈദരാബാദിൽ എത്തുന്നത്.
ജനുവരി അവസാനം കുറച്ച് ദിവസങ്ങൾ ഹൈദരാബാദിൽ ചെലവഴിച്ചപ്പോൾ ആണ് നമ്മുടെ നാട്ടിൽ ഒക്കെ എന്തോന്ന് ഐ ടി എന്ന് മനസ്സിലായത്.
എൻജിനീയറിംഗ് പഠിച്ചിട്ട് ,പാസായും, പാസാകാതെയും, വെറുതെ ഇരിക്കുന്ന കുട്ടികളുടെ എണ്ണം കേട്ടാൽ നമ്മൾ ഞെട്ടും.
അവരെയൊക്കെ ഈസിയായി വിദേശത്ത് എത്തിക്കാം എന്ന് വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കൊയ്ത്തുകാലമാണ്.
ജർമനിയിൽ എത്തിപ്പെടാൻ ജർമൻ ഭാഷ പഠിക്കുന്നതാണ് പുതിയ ട്രെൻഡ്.
എൻ്റെ അഭിപ്രായത്തിൽ ഇനി പഠിക്കേണ്ട ഭാഷ ജാപ്പനീസ് ആണ്.
ജനസംഖ്യയിൽ ഇന്ത്യ ചൈനയുടെ മുന്നിൽ എത്തിക്കഴിഞ്ഞു. 2050 ആകുമ്പോൾ ഇവിടെ 150 കോടി ജനങ്ങൾ ഉണ്ടാവും. ജീവിക്കാൻ പുറത്ത് പോവുകയെ രക്ഷയുള്ളൂ.
ജപ്പാനിൽ യുവതലമുറക്ക് വിവാഹം കഴിക്കാൻ മടിയാണ്. വിവാഹം ചെയ്താൽ തന്നെ കുട്ടികൾ വേണ്ട. ജനനനിരക്ക് വെറും 7 ശതമാനം മാത്രം. ഭാവിയിൽ യൂറോപ്പിലെ പോലെ അവിടെയും ജോലിക്ക് അന്യരാജ്യങ്ങളിൽ നിന്ന് ആളുകളെ കുടിയേറാൻ അനുവദിക്കാൻ അവർ നിർബന്ധിതരാവും .
പക്ഷേ ചില കടമ്പകൾ ഞാൻ കാണുന്നുണ്ട്. ഇപ്പൊൾതന്നെ അവിടെ പല ജോലികളും ചെയ്യുന്നത് റോബോട്ടുകൾ ആണ്. നിർമ്മിതബുദ്ധി കൂടുതൽ പ്രചാരത്തിലാവുമ്പോൾ ജോലിക്കാരുടെ ആവശ്യം ഇനിയും കുറയും.
ഏറ്റവും വലിയ പ്രശ്നം ഇന്ത്യാക്കാരുടെ അലസമനോഭാവം ജപ്പാനിൽ ചെലവാകില്ല എന്നതാണ്. ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന ചിന്ത നടക്കില്ല. അവിടെ സമരം ചെയ്യുന്നത് വരെ കൂടുതൽ സമയം ജോലി ചെയ്തുകൊണ്ടാണ്.
8 മണി ആണ് സമയമെങ്കിൽ ജോലിക്കാർ എല്ലാവരും 7.55ന് എത്തും.
അതിലും ഭേദം അച്ഛൻ്റെയോ ചെട്ടൻ്റെയോ കാശ് കൊണ്ട് മൊബൈലും ബൈക്കും മേടിച്ച് കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്നതാണ് എന്ന് ചില മലയാളി ചെറുപ്പക്കാർ എങ്കിലും ചിന്തിക്കും.
ഗള്ഫില് വെയിലത്ത് ജോലിചെയ്യുന്ന ഒരാളുടെ ചെലവിൽ ശരാശരി 6 പേര് സുഖമായി കേരളത്തിൽ കഴിയുന്നുണ്ട് എന്ന ഒരു കണക്ക് എവിടെയോ വായിച്ചു.
പ്രേമിക്കുന്ന പെണ്ണ് ചിലവിനു തരാം എന്നൊക്കെ പറയുന്നത് സിനിമയിൽ മാത്രം.